ഇതിനെ കവിത എന്ന് വിളിക്കാമോ എന്ന് അറിയില്ല..എന്റെ നോട്ടു പുസ്തകത്തില്‍ പത്തു കൊല്ലംമുന്‍പ് കുത്തിക്കുറിച്ച വരികള്‍ ആണിവ..പിന്നീടൊരിക്കല്‍ മയൂരി എന്ന വനിതാ മാസികയില്‍ ആദ്യമായി ഇത് അച്ചടിച്ച് വന്നു..അതിനു ശേഷം കുവൈറ്റിലെ ഒരു സംഘടനയുടെ കവിത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി തന്നു..(അത്രയ്ക്ക് കേമം ആയിട്ടൊന്നുമല്ല എന്ന് എനിക്ക് അറിയാം. മൂക്കില്ലാത്തിടത് മുറിമൂക്കന്‍ രാജാവ്....ഹി ഹി ഹി )എന്തായാലും ഇനി ഇത് നിങ്ങള്‍ വായിക്കു...എന്നിട് ചീത്ത വിളിക്കുകയോ..അനുമോദിക്കുകയോ..ഇഷ്ടം പോലെ ആകാം ...മറന്നെക്കുകയാണ് ഞാന്‍ ...
ഇന്നലെത്തെ വീഴ്ച്ചകളെ
പാദങ്ങള്‍ കീറി മുറിച്ച കൂര്‍ത്ത ചരല്‍കല്ലുകളെ..
മുന്‍പേ പോയവര്‍ വലിച്ചെറിഞ്ഞ
എച്ചില്‍ നിറഞ്ഞ പാധേയങ്ങളെ
മരത്തിനു പിന്നില്‍ മറഞ്ഞു നിന്ന്
കാട്ടാളന്മാര്‍ എയ്ത വിഷയമ്പുകളെ..
പാതി വഴിയില്‍ ഒറ്റക്കാക്കി കടന്നു കളഞ്ഞ
മുഖം മൂടിയണിഞ്ഞ സഹയാത്രികരെ..
കൂരിരുട്ടില്‍ വെളിച്ചം നിഷേധിച്ചവര്‍
തകര്‍ത്തുടച്ച വഴി വിളക്കുകളെ
എല്ലാമെല്ലാം മറന്നെക്കുകയാണ് ഞാന്‍ ..
മറക്കാതിരികുകയാണ് ഞാന്‍
തളര്‍ന്ന മനസ്സിന് നിറങ്ങള്‍ കടം തന്ന
വര്‍ണ്ണ വര്‍ണ്ണ പൂക്കളെ
തലയാട്ടി ചിരിച്ചു കൊണ്ട് വന്ദനമോതിയ
കുരുന്നു പുല്‍നാമ്പുകളെ
ഇടയ്ക്കിടെ കവിളില്‍ തട്ടി പറന്നു പോയ
അപ്പൂപ്പന്‍ താടികളെ
കാറ്റിന്റെ ഈണം പകര്‍ന്നു കാത്തു കുളിര്‍പ്പിച്ച
മുള്‍ക്കാടിന്റെ മര്‍മ്മരങ്ങളെ
വെളിച്ചത്തിന്റെ നുറുങ്ങുകളുമായി കൂട്ടു വന്ന
മിന്നാമിന്നികളെ
എല്ലാമെല്ലാം മറക്കാതിരിക്കുകയാണ് ഞാന്‍ .....
